Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ജൂൺ 8-ാം തിയതി ബുധനാഴ്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. മത്സ്യത്തൊഴിലാളി ജാഗ്രത മുന്നറിയിപ്പ് ശനിയാഴ്ച വരെ കേരള, ലക്ഷ്‌യദീപ് , കർണാടക, തെക്കൻ മഹാരാഷ്ട്ര, ഗോവ, വടക്കൻ തമിഴ്നാട്, കന്യാകുമാരി, കൊങ്കൺ തീരങ്ങളിലും മാന്നാർ ഉൾക്കടലിലും മധ്യ കിഴക്കൻ, തെക്ക് കിഴക്കൻ അറബിക്കടലിലും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ ആൻഡമാൻ കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാമെന്നും പെട്ടന്നുള്ള കാറ്റിന്റെ വേഗത 60 കിലോമീറ്റർ വരെ വേഗതയിൽ ആകാമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകുന്നു. ഈ പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ പണിക്ക് പോവരുതെന്നാണ് ഐ.എം.ഡിയുടെ നിർദേശം. ബുധനാഴ്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 26 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 30 കിലോമീറ്ററായിരിക്കും കാറ്റിൻറെ വേഗത. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 28 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ തെക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 32 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 34 കിലോമീറ്റർ വേഗതയിലും കാറ്റ് വീശും. അലകൾ തീരക്കടലിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും 7 അടി വരെ ഉയരത്തിലും ദൂരക്കടലിൽ 9 അടി വരെ ഉയരത്തിലുമായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് ചെറിയ മഴക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിക്കുന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഇതേ വേഗതയിലാകും കാറ്റ്. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് വ്യാഴാഴ്ച പകൽ 1 മണിക്ക്.