Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് മെയ് 11-ാം തിയതി ബുധനാഴ്ച്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. മത്സ്യത്തൊഴിലാളി ജാഗ്രതാ മുന്നറിയിപ്പ് ആൻഡമാൻ കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം 'അസാനി' ചുഴലിക്കാറ്റിനോട് അനുബന്ധിച്ച് കേരളത്തിലും കടൽ കാലാവസ്ഥ മോശമാവുമെന്ന് ഐഎംഡി അറിയിക്കുന്നു. കേരളത്തിലും ലക്ഷദ്വീപിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റ് വീശാൻ ഇടയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് കടലിൽ പണിക്ക് പോവരുതെന്നാണ് ഐഎംഡി നൽകുന്ന മുന്നറിയിപ്പ്. ഇന്ന് ബുധനാഴ്ച്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള വരെയുള്ള തീരക്കടലിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 34 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. ദൂരക്കടലിൽ പുലർച്ചെ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും കാറ്റ് പ്രതീക്ഷിക്കാം. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 34 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ് വീശുക. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 42 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ്. അലകൾ തീരക്കടലിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും 8 അടി വരെ ഉയരത്തിലും ദൂരക്കടലിൽ 9 അടി വരെ ഉയരത്തിലുമായിരിക്കും. വിഴിഞ്ഞത്തിന് തെക്ക് ഭാഗത്ത് അലകളുടെ ഉയരം 10 അടി വരെയാവാനും സാധ്യതയുണ്ട്. 'അസാനി' ചുഴലിക്കാറ്റിനെത്തുടർന്ന് ഇന്നും നാളെയും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിലും കടൽ പ്രക്ഷുബ്ധമായിരിക്കും. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് മണിക്കൂറിൽ 80 മുതൽ 90 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും പെട്ടന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 100 കിലോമീറ്റർ വരെ ആകാമെന്നും ഐ.എം.ഡി. മുന്നറിയിപ്പ് നൽകുന്നു. നാളെ പശ്ചിമബംഗാൾ, ഒഡീഷ തീരങ്ങളിലും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും പെട്ടെന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെയാവാനും സാധ്യതയുണ്ട്. ആയതിനാൽ മത്സ്യത്തൊഴിലാളികൾ പൊതുവേ ജാഗ്രത പാലിക്കണമെന്നും ബംഗാൾ ഉൾക്കടൽ ഭാഗത്ത് പണിക്ക് പോയിരിക്കുന്ന ആഴക്കടൽ മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തണമെന്നുമാണ് ഐ.എം.ഡിയുടെ നിർദേശം. കുളച്ചൽ മുതൽ ധനുഷ്ക്കോടി വരെയുള്ള തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് അർധരാത്രി വരെ അലകളുടെ ഉയരം 11 അടി വരെയാവാൻ സാധ്യതയുള്ളതായി ഇൻകോയിസ് മുന്നറിയിപ്പ് നൽകുന്നു. വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയും അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 32 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 34 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ് വീശുക. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 38 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ്. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് വ്യാഴാഴ്ച പകൽ 1 മണിക്ക്.