Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ഏപ്രിൽ 12-ാം തിയതി ചൊവ്വാഴ്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. ചൊവ്വാഴ്ച്ച അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്ന് 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ കാറ്റിൻറെ വേഗത മണിക്കൂറിൽ പരമാവധി 14 കിലോമീറ്റർ വരെയായിരിക്കും. പൊതുവേ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നാണ് കാറ്റ് വീശുന്നതെങ്കിലും അർധരാത്രിയോടെ കാറ്റിൻറെ ദിശ തെക്ക് പടിഞ്ഞാറായി മാറാനാണ് സാധ്യത. അപൂർവ്വമായി തെക്ക് കിഴക്ക് നിന്നും കാറ്റ് പ്രതീക്ഷിക്കാം. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് നിന്നും, അർധരാത്രിയോടെ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 12 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. അലകൾ തീരക്കടലിലും ദൂരക്കടലിലും തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും 5 അടി വരെ ഉയരത്തിലായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് മുതൽ വ്യാഴാഴ്ച്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരളം, തമിഴ്നാട്, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് രാത്രി വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും ഇതിനോട് അനുബന്ധിച്ച് തീരത്തോട് ചേർന്ന് കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും ഇൻകോയിസ് മുന്നറിയിപ്പ് നൽകുന്നു. ആയതിനാൽ കടൽപ്പണിക്ക് വള്ളമിറക്കുമ്പോഴും പണി കഴിഞ്ഞ് തിരികെ അണയ്ക്കുമ്പോഴും മത്സ്യത്തൊഴിലാളികൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ബുധനാഴ്ച്ച അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരക്കടലിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിലും തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ പരമാവധി 13 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 16 കിലോമീറ്ററാണ് കാറ്റിൻറെ പരമാവധി വേഗത. വ്യാഴാഴ്ച്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിലും തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ പരമാവധി 13 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 11 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ തെക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 18 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ് വീശുക. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 19 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ബുധനാഴ്ച്ച പകൽ 1 മണിക്ക്.