Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ഡിസംബർ 3-ാം തിയതി വെള്ളിയാഴ്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. വെള്ളിയാഴ്ച അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ തെക്ക് കിഴക്ക്, വടക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിലും ദൂരക്കടലിൽ മണിക്കൂറിൽ 14 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ് വീശുക. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 16 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. അലകൾ തീരക്കടലിൽ 6 അടി വരെയും ദൂരെക്കടലിൽ 7 അടി വരെയും ഉയരത്തിലായിരിക്കും. തിരുവനന്തപുരത്തും കൊല്ലം ജില്ലയിലും ഇന്നും അടുത്ത ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചു. മഴയുള്ളപ്പോൾ കാറ്റും ഉണ്ടാകാം വരുന്ന ഞായറാഴ്ച്ച വരെ പൊതുവേ ബംഗാൾ ഉൾക്കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള തീരങ്ങളിലും കടലിലും അതിശക്തമായ കാറ്റ് പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇതിനോട് അനുബന്ധിച്ച് ഇന്ന് വെള്ളിയാഴ്ചയും ശനിയാഴ്ചയും ബംഗാൾ ഉൾക്കടലിൻറെ മധ്യഭാഗത്തും വടക്ക് പടിഞ്ഞാറൻ, വടക്കു പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും പശ്ചിമ ബംഗാൾ, വടക്കൻ ആന്ധ്ര, ഒഡീഷ തീരങ്ങളിലും മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും പെട്ടന്ന് ഉണ്ടാകുന്ന കാറ്റിൻറെ വേഗത മണിക്കൂറിൽ 110 കിലോമീറ്റർ വരെ ആകാമെന്നും ഐ.എം.ഡി.മുന്നറിയിപ്പ് നൽകുന്നു. ആയതിനാൽ ഈ ദിവസങ്ങളിൽ ഈ മേഖലകളിൽ മത്സ്യത്തൊഴിലാളികൾ കർശനമായും പണിക്ക് പോകരുതെന്നാണ് ഐ.എം.ഡിയുടെ നിർദ്ദേശം. ആഴക്കടലിൽ തങ്ങൽ പണികൾക്ക് പോയിരിക്കുന്ന മത്സ്യത്തൊഴിലാളികൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ശനിയാഴ്ചയും ഞായറാഴ്ചയും ഇതേ വേഗതയിലാകും കാറ്റ്. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ശനിയാഴ്ച പകൽ 1 മണിക്ക്.