Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് നവംബർ 10-ാം തിയതി ബുധനാഴ്ച്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. ഇന്ന് ബുധനാഴ്ച്ച, അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 19 കിലോമീറ്റർ വേഗതയിലുള്ള കാറ്റ് പ്രതീക്ഷിക്കാം. തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 22 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 20 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. തിരുവനന്തപുരം തീരത്ത് അലകൾ തീരക്കടലിലും ദൂരക്കടലിലും 4 അടി ഉയരത്തിലായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചു. ഇന്നും നാളെയും തെക്കു പടിഞ്ഞാറൻ - മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്നാട് തീരത്തും തെക്കൻ ആന്ധ്രാ തീരത്തും മാന്നാർ കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും പെട്ടന്ന് ഉണ്ടാകുന്ന കാറ്റിൻറെ വേഗത മണിക്കൂറിൽ 65 കിലോമീറ്റർ വരെ ആകാമെന്നും ഇവിടങ്ങളിൽ കടൽ കാലാവസ്ഥ പ്രക്ഷുബ്ധമായിരിക്കുമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകുന്നു. ആയതിനാൽ മത്സ്യത്തൊഴിലാളികൾ ഈ ഭാഗങ്ങളിൽ കടൽപ്പണിക്ക് പോവരുതെന്നാണ് നിർദേശം. കൂടാതെ കേരളത്തിലും തെക്കൻ തമിഴ്നാട്ടിലും 8 മുതൽ 11 അടി വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ഇൻകോയിസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയും ഇതേ വഗതയിലാണ് കാറ്റ് വീശുക. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് വ്യാഴാഴ്ച്ച പകൽ 1 മണിക്ക്.