Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് നവംബർ 3-ാം തിയതി ബുധനാഴ്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. മൽത്സ്യത്തൊഴിലാളി ജാഗ്രത മുന്നറിയിപ്പ്, വരുന്ന ശനിയാഴ്ച വരെ കേരളം, ലക്ഷദ്വീപ്, കർണാടക, ഗോവ, തെക്കൻ മഹാരാഷ്ട്ര തീരങ്ങളിലും തെക്ക് കിഴക്കൻ അറബിക്കടലിലും മാലിദ്വീപിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും കടൽ കാലാവസ്ഥ പ്രക്ഷുബ്ധമായിരിക്കുമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകുന്നു. ആയതിനാൽ ശനിയാഴ്ച വരെ മത്സ്യത്തൊഴിലാളികൾ ഈ ഭാഗങ്ങളിൽ കടൽപ്പണിക്ക് പോവരുതെന്നാണ് നിർദേശം. ലക്ഷ്യദ്വീപിന്‌ പടിഞ്ഞാറായി ന്യൂനമർദ്ദംനിലനിൽക്കുകയാണ്. ഇതു കുറച്ചുകൂടി ശക്തി പ്രാപിക്കാനും വരും ദിവസങ്ങളിൽ കേരളത്തീരത്തു ഇതിൻറെ പ്രഭാവം കൂടുതൽ അനുഭവപ്പെടാനും സാധ്യതയുണ്ടെന്ന് നിലവിലെ കാലാവസ്ഥ നിഗമനങ്ങളനുസരിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇതു കാരണം കേരള തീരത്തോട് ചേർന്ന്, വരും ദിവസങ്ങളിൽ കടൽ കാലാവസ്ഥ രൂക്ഷമാവാൻ സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നതിന് അനുസരിച്ച് ഈ നിഗമനങ്ങൾക്ക് മാറ്റം വന്നേക്കാം. കൃത്യമായ ഇടവേളകളിൽ നൽകുന്ന കാലാവസ്ഥ വിവരങ്ങൾ മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കടലിൽ പോവുമ്പോൾ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും ഓർമ്മിപ്പിക്കുന്നു. ബുധനാഴ്ച അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ തെക്ക് പടിഞ്ഞാറ് , തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിലാകും കാറ്റ്. തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 28 കിലോമീറ്റർ വേഗതയിൽ കാറ്റുണ്ടാകാം.പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 25 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. അലകൾ തീരക്കടലിൽ 6 അടി വരെയും ദൂരക്കടലിൽ 7 അടി വരെയും ഉയരത്തിലായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഇതേ വേഗതയിലാകും കാറ്റ്. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് വ്യാഴാഴ്ച പകൽ 1 മണിക്ക്.