Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ഒക്ടോബർ 31-ാം തിയതി ഞായറാഴ്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. മൽത്സ്യത്തൊഴിലാളി ജാഗ്രത മുന്നറിയിപ്പ്, വ്യാഴാഴ്ച വരെ കേരള, ലക്ഷ്യദ്വീപ്, കന്യാകുമാരി തീരങ്ങളിലും, മാന്നാർ കടലിലും, ശ്രീലങ്കയ്ക്ക് സമീപത്തായി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തെക്ക് കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും ഈ ഭാഗത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പണിക്ക് പോവരുതെന്നാണ് ഐഎംഡി നൽകുന്ന നിർദ്ദേശം. ശ്രീലങ്കയ്ക്കും തമിഴ്നാടിനുമിടയിൽ ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുകയാണ്. ഇതു കുറച്ചുകൂടി ശക്തി പ്രാപിക്കാനും നവംബർ 2ആം തിയതിക്കും 4ആം തിയതിക്കുമിടയിൽ കേരളത്തീരത്തു ഇതിന്റെ പ്രഭാവം കൂടുതൽ അനുഭവപ്പെടാനും സാധ്യതയുണ്ടെന്ന് നിലവിലെ കാലാവസ്ഥ നിഗമനങ്ങളനുസരിച്ച് കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇതു കാരണം കേരള തീരത്തോട് ചേർന്ന്, വരും ദിവസങ്ങളിൽ കടൽ കാലാവസ്ഥ രൂക്ഷമാവാൻ സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നതിന് അനുസരിച്ച് ഈ നിഗമനങ്ങൾക്ക് മാറ്റം വന്നേക്കാം. ഇന്ന് മുതൽ കൃത്യമായ ഇടവേളകളിൽ നൽകുന്ന കാലാവസ്ഥ വിവരങ്ങൾ മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കടലിൽ പോവുമ്പോൾ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും ഓർമ്മിപ്പിക്കുന്നു. ഞായറാഴ്ച അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള കടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ്, വടക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 10 കിലോമീറ്റർ വരെ വേഗതയിലാകും കാറ്റ്. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം 22 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുണ്ടാകാം. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ്, ദിശകളിൽ നിന്നും മണിക്കൂറിൽ 24 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. അലകൾ തീരക്കടലിൽ 5 അടി വരെയും ദൂരക്കടലിൽ 6 അടി വരെയും ഉയരത്തിലായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇതേ വേഗതയിലാകും കാറ്റ്. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് തിങ്കളാഴ്ച പകൽ 1 മണിക്ക്.