Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ഒക്ടോബർ 5-ാം തിയതി ചൊവ്വാഴ്ച്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. ഇന്ന്, ചൊവ്വാഴ്ച്ച അതിരാവിലെ മുതൽ ഉച്ച വരെ വടക്ക് പടിഞ്ഞാറ് നിന്നും ഉച്ച മുതൽ രാത്രി വരെയുള്ള സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് നിന്നുമാണ് പൊതുവേ കാറ്റ് വീശുന്നത്. അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ മണിക്കൂറിൽ 8 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ് വീശുന്നത്. പൂന്തുറയ്ക്ക് തെക്ക് മുതൽ പൂവാർ വരെയുള്ള മേഖലയുടെ തീരക്കടലിൽ മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 18 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് – തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും കാറ്റിൻറെ വേഗത മണിക്കൂറിൽ 22 കിലോമീറ്റർ ആയിരിക്കും. തീരക്കടലിൽ അലകൾ 7 അടി വരെയും ദൂരക്കടലിൽ 8 അടി വരെയും ഉയരത്തിലായിരിക്കും. തിരുവനന്തപുരം ജില്ലയിൽ ഇന്ന് ചെറിയ മഴയ്ക്കും കൊല്ലത്ത് ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി ഐ.എം.ഡി. അറിയിക്കുന്നു. ഇന്ന് കേരളതീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോവുന്നതിൽ തടസ്സങ്ങളൊന്നുമില്ലെങ്കിലും തമിഴ്നാട് തീരത്തോട് ചേർന്നു കിടക്കുന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മാന്നാർ കടലിടുക്കിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും ഈ ഭാഗത്ത് കടൽ പ്രക്ഷുബ്ധം ആയിരിക്കുമെന്നും ഐ.എം.ഡി മുന്നറിയിപ്പ് നൽകുന്നു. ആയതിനാൽ ഈ മേഖലകളിൽ മത്സ്യത്തൊഴിലാളികൾ കടൽപ്പണിക്ക് പോകരുതെന്നാണ് ഐ.എം.ഡി.യുടെ നിർദേശം. ബുധനാഴ്ച്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ മണിക്കൂറിൽ 8 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടിലിൽ മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ് വീശുക. തെക്കു പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും കാറ്റ് പ്രതീക്ഷിക്കാം. പൂന്തുറയ്ക്ക് തെക്ക് മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടിലിൽ 22 കിലോമീറ്റർ വേഗതയിലും കാറ്റ് പ്രതീക്ഷിക്കാം. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 24 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. വ്യാഴാഴ്ച്ച അഞ്ചുതെങ്ങ് മൂതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ മണിക്കൂറിൽ 19 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 23 കിലോമീറ്റർ വേഗത്തിലുമാണ് കാറ്റ് വീശുക. പൂന്തുറയ്ക്ക് തെക്ക് മുതൽ പൂവാർ വരെയുള്ള പ്രദേശത്ത് തീരക്കടലിൽ മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 26 കിലോമീറ്റർ വേഗതയിലുമായിരിക്കും കാറ്റ്. പൊതുവേ തെക്കു പടിഞ്ഞാറ് നിന്ന് മാത്രമാണ് അന്നേ ദിവസം കാറ്റ് വീശുന്നത്. പൂവാറിന് തെക്കും കന്യാകുമാരിയിലും തെക്കു പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 27 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ബുധനാഴ്ച്ച പകൽ 1 മണിക്ക്.